വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് റിലീസിനെത്തിയ ചിത്രം 82.95 കോടി കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഞ്ചാമത്തെ ആഴ്ചയിലും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനായി ഒരുങ്ങുകയാണ്. ഡിസ്നി ഹോട്സ്റ്റാറാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം.തുടക്കം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസം 2.4 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഏകദേശം ആറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഒന്നാം ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ.മമ്മൂട്ടിക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’.
സംവിധായകന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്. മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.