• Sun. Dec 22nd, 2024

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Byadmin

Nov 9, 2024 #Kerala, #Sabarimala

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് വിരിവയ്ക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരി വെക്കാനുള്ള സൗകര്യമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരി നിൽക്കുന്നവർക്ക് ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും. 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. മണിക്കൂറിൽ 4000 ലിറ്റർ സംഭരണശേഷിയുള്ള ശരംകുത്തിയിലെ ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തിയിട്ടുണ്ട്. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഒരുക്കിയിരിക്കുന്നത്.

Read: റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള അമൃത് ഭാരത് കേന്ദ്രസർക്കാരിന്റെ ഗതിശക്തി മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കി.

പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററിൽ 50 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും. ഭക്തർക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് നിലവിൽ കരുതിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോൾ 40 ലക്ഷം കണ്ടെയ്‌നർ ബഫർ സ്റ്റോക്കിൽ ഉറപ്പാക്കും. നിലയ്ക്കലിൽ 1045 ടോയ്‌ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. പമ്പയിലുള്ള 580 ടോയ്‌ലറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കുള്ളതാണ്. സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകൾ നിലവിലുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *