കോട്ടയം: റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള അമൃത് ഭാരത് കേന്ദ്രസർക്കാരിന്റെ ഗതിശക്തി മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കി. വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങൾ സജ്ജമാക്കുന്ന സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് എ.ഡി.ആർ.എം. തസ്തികയിലുള്ള ഉദ്യോഗസ്ഥനെയും നിയോഗിച്ചു.മൊത്തം 3000 കോടി രൂപയാണ് കേരളത്തിലെ സ്റ്റേഷനുകൾക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം നോർത്ത്, സൗത്ത്, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ് വിമാനത്താവളസമാന സൗകര്യമുള്ളവയാകുക. ഇവ 2027-ലേ പണി പൂർത്തിയാകൂ.
22 ഇടത്തെ പ്രവൃത്തികൾ 2025 സെപ്റ്റംബറിൽ പൂർത്തിയാക്കാനാണ് നിർദേശമെന്ന്, റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാനായിരുന്ന പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഓരോ സ്റ്റേഷനും 175 മുതൽ 460 കോടി രൂപവരെയാണ് മുടക്കുന്നത്. മുഴുവൻ പണവും റെയിൽവേ അക്കൗണ്ടിൽ എത്തിയെന്ന് കൃഷ്ണദാസ് പറഞ്ഞു.പ്രത്യേകത എന്ത്?
* തീവണ്ടികളുടെ മുഴുവൻ യാത്രാവിവരം ഒറ്റനോട്ടത്തിൽ കാണാംപ്ലാറ്റ്ഫോം മുഴുവൻ മേൽക്കൂര
* എല്ലാ പ്ലാറ്റ്ഫോമിലേക്കും മേൽപ്പാത
* എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്, എസ്കലേറ്റർ
* ആവശ്യത്തിന് കുടിവെള്ള കിയോസ്ക്
* ശീതീകരിച്ച വിശ്രമകേന്ദ്രം സ്ത്രീകൾക്കും പൊതുവിഭാഗത്തിനും
* എല്ലാ ഭാഗത്തുകൂടിയും സ്റ്റേഷനിൽ പ്രവേശനം
* മതിയായ പാർക്കിങ്
* ശുചിത്വം-ലോകനിലവാരം
* തീവണ്ടികളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം
* ബുക്കിങ് സൗകര്യം, ടോക്കൺ ക്രമീകരണം
* പ്ലാറ്റ്ഫോമുകൾക്ക് ആഗോളനിലവാരം.