ലുലുഗ്രൂപ്പിന്റെ കീഴില്‍ കോട്ടയത്ത് പണിപൂര്‍ത്തിയാകുന്ന പുതിയ മാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും. ഡിസംബര്‍ പകുതിയോടെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ് നവംബറിലേക്ക് മാറ്റിയത്. എം.സി റോഡില്‍ മണിപ്പുഴയിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയില്‍ പുതിയ മാള്‍ വരുന്നത്.
കോട്ടയം മാളിന്റെ പ്രത്യേകതകള്‍
രണ്ടു നിലയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഉള്ളത്. താഴത്തെ നില പൂര്‍ണമായും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനായി മാറ്റിവയക്കും. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ ഉള്‍പ്പെടെ 22 രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉണ്ടാകും. 500ലേറെ പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കുട്ടികള്‍ക്കായി ഫണ്‍ടൂണ്‍ എന്ന പേരില്‍ വിനോദത്തിനായി പ്രത്യേക സൗകര്യവും ഉണ്ടാകും.
പാര്‍ക്കിംഗിനായി വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരേസമയം 1,000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. നിരവധി തൊഴിലവസരങ്ങളും മാള്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടും. നേരിട്ട് 650 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലുലുഗ്രൂപ്പ് പറയുന്നത്. കോട്ടയം ജില്ലക്കാര്‍ക്കാകും ആദ്യ പരിഗണന.
കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് വരുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലുമാളുകളുള്ളത്. കോട്ടയത്തിന് പിന്നാലെ പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ലുലുമാള്‍ ഉയരും.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ അഹമ്മദാബാദില്‍ പണിയുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം.എ യൂസഫലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 4,000 കോടി ചെലവിലായിരിക്കും പുതിയ മാള്‍ ഒരുങ്ങുക. ജി.സി.സി രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.