വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 151 പേരുടെ ജീവനെടുത്ത വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെയാണ് ഒലിച്ചു പോയിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ആകാശദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി 2 മണിയോടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്. മണ്ണിനടിയിൽപെട്ടവർക്കായി ഉറ്റവർ ആധിയോടെ തെരയുന്ന കാഴ്ചകളാണ് ചുറ്റിലും.ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരൽമലയിൽ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരൽമലയിൽ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. ഇവിടെ കുറച്ചധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ആദ്യപരിഗണന എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവർത്തകരുമുണ്ട്. ദുരന്തഭൂമിയിൽ ചില വളർത്തുമൃഗങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കായി വളര്‍ത്തുനായ്ക്കള്‍ മണ്ണിനിടയിലൂടെ തെരഞ്ഞു നടക്കുന് കാഴ്ച ആരുടെയും കണ്ണുനിറയ്ക്കും.