സിനിമാതാരം സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ്. പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു”,എന്നാണ് സലിം കുമാർ പറഞ്ഞത്.
READ: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം; 3 പേർ കൂടി പനി ബാധിച്ച് മരിച്ചു.
അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലിംകുമാര്‍ പങ്കുവച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. “രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ”, എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്.