നഴ്സിങ് ജോലിയന്ന പേരിലാണ് കോട്ടയം സ്വദേശിയായ മലയാളി യുവതിയെ മലയാളിയായ ഏജന്റ് സൗദിയിലെത്തിച്ചത്. ഇതിനായി കേരളത്തിലെ ഏജന്റ് 60,000 രൂപയോളം വാങ്ങുകയും ചെയ്തു. വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തി കടത്തിൽ മുങ്ങിയ യുവതി മറ്റു വഴിയില്ലാതെ ജോലി സ്വീകരിക്കുകയും ചെയ്തു. എന്നാൽ രോഗീപരിചരണത്തിന് പകരം, വീട്ടുജോലിക്കാണ് തന്നെ കൊണ്ടു വന്നിരിക്കുന്നതെന്ന് പിന്നീടാണ് യുവതിക്ക് മനസ്സിലായത്. മതിയായ ശമ്പളവും കൃത്യമായി നൽകിയില്ല.
READ: 50 ശതമാനം വരെ ഇളവ്, വമ്പൻ സമ്മാനങ്ങളും;ലുലു മാളില്‍ വീണ്ടും മിഡ്നൈറ്റ് ഷോപ്പിംഗ്
വീട്ടുജോലിക്ക് തയാറല്ലെന്ന നിലപാടെടുത്തതോടെ മാനസികവും ശാരീരികവുമായ ഉപദ്രവവും ഇവർ നേരിട്ടുവെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. ഫേസ്ബുക്കിൽ യുവതി നടത്തിയ സഹായ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതോടെയാണ് റിയാദിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ടത്. റിയാദിലെ ഹഫർ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ തങ്ങൾ ഇവർക്ക് സഹായം ഉറപ്പാക്കുകയായിരുന്നുവെന്ന് ഒഐസിസി അറിയിച്ചു. ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കി. പൊലീസ് സഹായത്തോടെ എത്തിയാണ് സംഘടന ഇവരെ മോചിപ്പിച്ചത്.രണ്ട് മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് ഇവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. സഹായിക്കാൻ കൂടെ നിന്ന എല്ലാവർക്കും യുവതിയുടെ കുടുംബം നന്ദി അറിയിച്ചു. കടം വാങ്ങി ഏജന്റിന് നൽകിയ പണവും, ബാങ്കിൽ അടച്ചു തീർക്കാനുള്ള ബാക്കി കടവും എല്ലാം ചേർന്ന് പ്രതിസന്ധി രൂക്ഷമായി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നിലവിൽ നാട്ടിലെത്തിയ യുവതി.
READ: ബിഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിർഹം സമ്മാനം മലയാളിക്ക്
മറ്റൊരാളും ഇനി ഇത്തരം ചതിയിൽപ്പെടരുതെന്ന് യുവതി പറഞ്ഞു. അതേസമയം, ജോലിയാവശ്യാർഥം പുതുതായി സൗദിയിലെത്തുന്ന പലരും കബളിപ്പിക്കപ്പെടുന്ന പ്രവണത വർധിക്കുന്നു. റിയാദ് ആസ്ഥാനമായ ഒരു മാൻപവർ കമ്പനിക്ക് കീഴിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ വഞ്ചിക്കപ്പെട്ട് തിരിച്ചുപോകാൻ വഴികളില്ലാതെ പ്രയാസപ്പെടുന്നു. ഇതിൽ ഏതാനും തൊഴിലാളികളെ റിയാദിലെ നസീമിൽ രണ്ടുമൂന്ന് മുറികളിലായി താമസിപ്പിച്ചിരിക്കുകയാണ്. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ നൽകുന്നില്ല. മൂന്ന് മാസമായി ഇവർക്ക് ജോലിയോ വേതനമോ നൽകിയിട്ടില്ല. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും അറിയാത്തവരാണധികവും.