അടുത്ത അക്കാദമിക് വർഷത്തിൽ നാലുവർഷ ബിരുദം ആരംഭിക്കാനുള്ള ആദ്യഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മഹാത്മാഗാന്ധി സർവകലാശാല. സിലബസിന്റെ കരട് തയ്യാറാക്കാനുള്ള അഞ്ചുദിവസത്തെ ശില്പശാല 13 മുതൽ 30 വരെ വിവിധകേന്ദ്രങ്ങളിൽ നടക്കും.എല്ലാ വിഷയങ്ങളുടെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് ഡിസംബർ 15-ന് മുമ്പ് സിലബസിൻറെ കരട് സർവകലാശാലയ്ക്ക് സമർപ്പിക്കും. സ്ക്രീനിങ് കമ്മിറ്റി, കരട് സിലബസ് വിശദമായി പരിശോധിക്കും. അടുത്ത അക്കാദമിക് വർഷംമുതൽ നാലുവർഷബിരുദം മാത്രമേ ഉണ്ടാകൂവെന്നും പൂർണമായും വിദ്യാർഥിസൗഹൃദമായാണ് പുതിയ സിലബസെന്നും വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.സാങ്കേതിക സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് സർവകലാശാലയിൽ പ്രത്യേക ഇൻഫർമേഷൻ ടെക്നോളജി ഫ്രെയിംവർക്ക് സജ്ജമാക്കുമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ പറഞ്ഞു. ഒരു പ്രോഗ്രാമിൽ ചേരുന്ന വിദ്യാർഥിക്ക് പഠനം തുടരുന്നതിനിടെ താത്പര്യമനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി പ്രോഗ്രാമും കോളേജും സർവകലാശാലയും മാറാം. ഈ മാറ്റം സുഗമമാക്കുന്നതിന് രണ്ടാംവർഷം പത്തുശതമാനം അധികസീറ്റ് ഏർപ്പെടുത്തും. ഏഴാമത്തെ സെമസ്റ്ററിൽ നിശ്ചിത ക്രെഡിറ്റ് നേടിയ വിദ്യാർഥികൾക്ക് ഓണേഴ്സ് ബിരുദത്തോടെ പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ടാകും. ജനുവരിയോടെ സിലബസ് പൂർത്തിയാക്കി ഏപ്രിലിൽ പ്രവേശനനടപടികൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.