ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ, ലോകപ്രശസ്ത സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഐ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുവാൻ തയ്യാറെടുക്കുന്നു. ഇതിനായി ഐ ഫോൺ നിർമിക്കുന്ന, തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷന്റെ ഉപകമ്പനിയായ വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിങ്ങിനെ 125 മില്യൺ ഡോളറുകൾക്ക് (ഏകദേശം 1,040 കോടി രൂപയ്ക്ക്) ടാറ്റ ഏറ്റെടുക്കും. ഈ കമ്പനിയുടെ 100% ഓഹരിയും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്പനി ഐ ഫോൺ നിർമിക്കുന്നത്. കമ്പനിയുടെ 100% ഓഹരികളും ടാറ്റ ഇലക്ട്രോണിക്സിന് കൈാറാനുള്ള തീരുമാനത്തിന് വിസ്ട്രോൺ കോർപ്പറേഷൻ ബോർഡ് യോഗം അംഗീകാരം നൽകി. ടാറ്റയെ അഭിനന്ദിച്ചു കൊണ്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
ഇതു വരെ ലോകമെങ്ങും ആപ്പിൾ കൂടുതലായും വില്പന നടത്തിയിരുന്നത് ചൈനീസ് മേഡ് ഐ ഫോണുകളായിരുന്നു. ഈ സ്ഥാനത്തേക്കാണ് ടാറ്റ മേഡ് ഐ ഫോണുകൾ കടന്നു വരുന്നത്.ചൈനയ്ക്കപ്പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധം ഫലത്തിൽ ഇന്ത്യയ്ക്ക് നേട്ടമാകുന്നുവെന്ന വിലയിരുത്തലാണുള്ളത്. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിൽ ഐ ഫോൺ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആപ്പിൾ കരാർ നൽകുന്ന കമ്പനികൾ വഴിയാണ് ഐ ഫോണുകളുടെ നിർമാണം നടത്തുന്നത്. ആകെ ഐ ഫോണുകളുടെ ഏഴ് ശതമാനത്തോളം ഇന്ത്യയിലാണ് നിർമിക്കുന്നത്. ഇത് 25% എന്ന നിലയിലേക്ക് ഉയർത്താൻ ആപ്പിൾ പദ്ധതിയിടുന്നു.വിസ്ട്രോണിനു പുറമെ തയ്വാൻ കമ്പനികളായ ഫോക്സ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികളാണ് ഇന്ത്യയിൽ ഐ ഫോൺ നിർമിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പ്ലാന്റിൽ ടാറ്റ, ഐ ഫോണിന്റെ മെറ്റൽ ചട്ടക്കൂട് നിർമിക്കുന്നുണ്ട്. പുതിയ ഏറ്റെടുക്കൽ നടന്നു കഴിഞ്ഞാൽ ടാറ്റ നിർമിക്കുന്ന ഐ ഫോണുകൾ കയറ്റുമതി നടത്താനും സാധിക്കും.
ആഗോളതലത്തിൽ നിരവധി ബിസിനസുകൾ നടത്തുന്ന, പാരമ്പര്യവും, വിശ്വാസ്യതയുമുള്ള ഇന്ത്യൻ ബ്രാൻഡാണ് ടാറ്റ. പുതിയ ഏറ്റെടുക്കലിലൂടെ ടാറ്റയുടെ മൂല്യം വർധിക്കുകയാണ് ചെയ്യുന്നത്. ഉപ്പു മുതൽ സാങ്കേതിക വിദ്യ വരെ വിശാലമായ ബിസിനസ് സാന്നിദ്ധ്യമാണ് ടാറ്റയ്ക്കുള്ളത്. മാറുന്ന ലോകക്രമത്തിൽ ഇലക്ട്രോണിക്സ് നിർമാണം, ഇ കൊമേഴ്സ് ബിസിനസ് എന്നീ മേഖലകളിൽ ടാറ്റ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ടാറ്റ ഐഫോൺ നിർമിക്കുന്നതോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ആഗോള തലത്തിൽ കൂടുതൽ പ്രചാരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.