തന്റെ പ്രസംഗത്തെ കുറിച്ച് ശശി തരൂർ ഇന്നും പറഞ്ഞത് പലസ്തീന് ഒപ്പമെന്നാണ്, പ്രസംഗത്തെ ആരും വക്രീകരിക്കാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പലസ്തീനിലെ ജനങ്ങളുടെ വിഷയത്തിൽ കോഴിക്കോട്ടെ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതു പോലെ റാലി നടത്തുക അത്ര എളുപ്പം അല്ല. ലീഗ് ഒരു കേഡർ പാർട്ടി ആയി മാറിയെന്ന നിരീക്ഷണം പോലും പല ഭാഗത്ത് നിന്നുമുണ്ടായി. ഗൗരവ സ്വഭാവം ഉള്ള വിഷയം അച്ചടക്കത്തോടെ നടത്താൻ മുസ്ലിം ലീഗിന് സാധിച്ചു. ലോകത്തെമ്പാടും മുസ്ലിം ലീഗ് റാലി ചർച്ചയായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുത്തു. ഒരു റാലി കൊണ്ട് ഇത് തീരുന്നില്ല. കുറ്റവും കുറവും പറയാതെ വിമർശിക്കുന്നവർ കൂടി വരട്ടെ. പലസ്തീനുള്ള ഐക്യദാർഢ്യമാണ് വിഷയം. ഇതിനെതിരെ ആരു പറഞ്ഞാലും ഒരു ജനതയോട് ചെയ്യുന്ന ക്രൂരതയാവും അത്.
തന്റെ പ്രസംഗത്തെ കുറിച്ച് ശശി തരൂർ ഇന്നും പറഞ്ഞത് പലസ്തീന് ഒപ്പമെന്നാണ്. ഇതൊരു ഇഷ്യൂ ആക്കേണ്ട കാര്യമില്ല. മറ്റു വല്ല വിശദീകരണം വേണമെങ്കിൽ അദ്ദേഹം പറയും. ഒരു വരിയിൽ പിടിച്ച് പലസ്തീൻ വിഷയത്തെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. എംകെ മുനീറും സമദാനിയുമടക്കം എല്ലാവരും പറഞ്ഞത് മുസ്ലിം ലീഗിന്റെ വിഷയത്തിലെ നിലപാടാണ്. അതിനെക്കുറിച്ച് ഇനി അധികം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.